2007, ജൂലൈ 26, വ്യാഴാഴ്‌ച

ന്യായവാക്കുകള്‍

മറക്കാന്‍ പറ്റാത്ത ഒരു കാഴ്ച

തിരുവനന്തപുരം R.C.C.യുടെ റേഡിയേഷന്‍ വിഭാഗം.
ബ്രെയിന്‍ട്യൂമര്‍ ബാധിച്ചു അന്ത്യനിമിഷങ്ങള്‍ എണ്ണിക്കഴിയുകയായിരുന്ന എന്റെ അമ്മായിയുടെ വ്യര്‍ത്ഥമായ ചികില്‍സയുടെ അവസാന നാളുകള്‍.

ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്‍റരില്‍ നിന്നും ഓപ്പറേഷന്‍ കഴിഞ്ഞു ഫലം കാണാതെ റേഡിയേഷന്‍ ചികില്‍സക്കായി മെഡിക്കല്‍ കോളേജിലേക്കു റഫര്‍ ചെയ്ത സമയം.

ജീവനില്‍ പ്രതീക്ഷ തീരെ ഇല്ലാഞ്ഞിട്ടു പോലും അവസാനത്തെ ആശ്വാസ ചികില്‍സയെന്ന നിലക്കു റേഡിയേഷന്‍ നടത്താന്‍ തയ്യാറായ അമ്മായിയേയും കൊണ്ടു ഞാന്‍ ക്യൂവില്‍ ഏറ്റവും പിന്നില്‍ കാത്തിരിക്കുന്നു.
കൂടുതല്‍ കാശു കൊടുക്കുന്നവരെ ആദ്യമാദ്യം തെരഞ്ഞടുത്തു റേഡിയേഷന്‍ നടത്തി പറഞ്ഞയക്കുന്ന രീതി ഞാനവിടെ കണ്ടു.
ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ചു ഏറ്റവും വൃത്തികെട്ട കൈകൂലിക്കശാപ്പു ശാലയായിരുന്നു അന്നു ആ വിഭാഗം.

വളരെ നേരത്തെ വന്ന ഒരു വൃദ്ധന്‍ ഇനിയും ഊഴമാവാതെ ഒരു ബെഞ്ചില്‍ അവസരം കാത്തിരിക്കുന്നതു അതിനു തെളിവു തരുന്നുണ്ടായിരുന്നു.

ഞാന്‍ ഊഹിച്ചു, അയാള്‍ കൈക്കൂലി കൊടുത്തു കാണില്ല.

അമ്മായിയെ റേഡിയേഷന്‍ റൂമിലേക്കു കൊണ്ടു പോയപ്പോള്‍ ഞാന്‍ ഫ്രീയായി.
അതിനാല്‍ ഞാന്‍ ആ വൃദ്ധന്റെ അടുത്തു പോയിരുന്നു.
അയാളുടെ കവിളിലാണു കാന്‍സര്‍.
വലത്തെ കവിളില്‍ ക്യാന്‍സര്‍ ബാധിച്ചു ഒരു ദ്വാരമുണ്ടായിരിക്കുന്നു.
ആ ദ്വാരത്തിനുള്ളിലൂടെ ബീഡിക്കറയുള്ള ബാക്കിയായ ചില പല്ലുകള്‍ കാണാം.
അതു കണ്ടാല്‍ ആരും ഞെട്ടിപ്പോവും.

ഞാന്‍ പറഞ്ഞു " എന്തെങ്കിലും ആ അറ്റന്‍ഡര്‍ക്കു കൊടുത്തില്ലങ്കില്‍ ഈ ഇരിപ്പു തന്നെ ബാക്കിയുണ്ടാവൂ.
വ്യക്തമായി മനസ്സിലാകാന്‍ പ്രയാസമുള്ള ഉച്ചാരണത്തോടെ അയാള്‍ പറഞ്ഞു.
"അതെനിക്കറിയാം, ഞാന്‍ രണ്ടു മാസമായി ഇവിടെ കിടന്നുചികില്‍സയിലാണ്‌ എനിക്കു പോകാന്‍ ധൃതിയില്ല".

ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല.
സംസാരിക്കാന്‍ അയാള്‍ക്കു വിഷമം കാണും.

ഇതിനിടക്കു ആ അറ്റന്‍ഡര്‍ അടുത്തൂടെ പോയപ്പോള്‍ വൃദ്ധന്‍ അവനെന്തോ കൊടുക്കുന്നതും ആരും ശ്രദ്ധിക്കുന്നില്ലന്നുറപ്പു വരുത്തി അറ്റന്‍ഡര്‍, അവന്റെ വെളുത്ത ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ നിന്ന് എന്തോ എടുത്തു സ്വകാര്യമായി അയാള്‍ക്കു തിരിച്ചു കൊടുക്കുന്നതും ഞാന്‍ രഹസ്യമായി വീക്ഷിച്ചു.

വൃദ്ധന്‍ അതുമായി ടോയ്‌ലറ്റിന്റെ പിറകു വശത്തെ വൃത്തികെട്ട ഇടനാഴിയില്‍ ചെന്നു നിന്നു.
ആരും കാണുന്നില്ലന്നുറപ്പു വരുത്തി അയാള്‍ അറ്റന്‍ഡര്‍ കൊടുത്ത സാധനം വെളിയിലെടുത്തു.
അതൊരു പാക്കറ്റു ബീഡിയായിരുന്നു.
അതില്‍ നിന്നൊരു ബീഡിയെടുത്തു തീപ്പെട്ടിയുരച്ചു കത്തിക്കുന്നതു ഞാന്‍ ഒളിഞ്ഞു കണ്ടു.
ആ ബീഡിയുടെ പുക ഉള്ളിലേക്കെടുക്കാന്‍ അയാള്‍ വലതു വശത്തെ കവിളിലെ ദ്വാരം ഇടതു കൈ കൊണ്ടു അടച്ചു പിടിച്ചു വളരെ പ്രയാസപ്പെടുന്നു.
ദ്വാരം അടച്ചു പിടിച്ച ശുഷ്കിച്ച വിരലിനിടയിലൂടെ പുക പുറത്തേക്കു പോകുമ്പോള്‍ അയാള്‍ അതു ഒഴിവാക്കാന്‍ കഴിയാതെ നിരാശപ്പെടുന്നു.

രംഗം കണ്ടപ്പോള്‍ ഞാന്‍ സിഗരറ്റു വലിക്കുമ്പോള്‍ പറഞ്ഞിരുന്ന ന്യായവാക്കുകള്‍ ഓര്‍മ്മ വന്നു.
" it is not an habit to me, at any time I can stop it!"

ഇതോര്‍ക്കാന്‍ ഇടയായ ഒരു സംഭവം.

ഹെവിഡ്യൂട്ടി ഡ്രൈവര്‍ നസീം ഖാന്‍ ഇന്നലെ അനുവാദമില്ലാതെ ലീവെടുത്തിരിക്കയാണ്‌.
ക്രഷറില്‍ പോയി റോഡ്ബേസിന്റെ 4 ടിപ്പര്‍ ട്രിപ്പെടുക്കുന്നതു മുടങ്ങിയിരിക്കുന്നു.
വര്‍ക്കില്‍ ഒരു ദിവസത്തെ താമസം വന്നാല്‍ മിനിസ്റ്റ്രിയുടെ പിഴ ദിവസത്തിനു ഇരുപത്തയ്യായിരം ദിര്‍ഹം.

പ്രൊജക്ട്‌ എന്‍ജിനീയരുടെ SMS വന്നു.
"impose him reasonable penalty and give him warning 'C'"

ശതമാനം കണക്കാക്കി Dhs.2500 ന്റെ ഒരു പെനാല്‍റ്റി ഡബിറ്റുമെമ്മോ റ്റൈപ്പു ചെയ്തു നസീമിനെ വിളിച്ചു ഒപ്പു വാങ്ങിക്കുമ്പോള്‍ മനസ്സു വല്ലാതെ വേദനിച്ചു.
ചോദിക്കാതിരിക്കാനായില്ല.

" എന്തിനാ മുന്‍ അനുവാദമില്ലാതെ ലീവെടുത്തത്‌?. അസുഖം വല്ലതു മായിരുന്നങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടു കാണിച്ചാല്‍ മതിയായിരുന്നില്ലെ!"

അവന്‍ സത്യം പറഞ്ഞു. നാട്ടില്‍ നിന്നു വന്ന അവന്റെ സുഹൃത്തു രഹസ്യമായി കൊണ്ടു വന്ന പാക്കറ്റിലെ പാന്‍ വാങ്ങാന്‍ ലീവാക്കിയതായിരുന്നു.

അവന്‍ കൂടെകൂടെ പോക്കറ്റില്‍ നിന്നൊരു പാക്കേറ്റ്ടുത്ത്‌ കൈവെള്ളയില്‍ കുടഞ്ഞെടുത്തു മോണക്കും ചുണ്ടിനുമിടയില്‍ വെക്കുന്നതു കണ്ടു.
പാന്‍ പരാഗോ, ഹാന്‍സോ പോലെയുള്ള ഒരു പുതിയ തരം പാക്കറ്റ്‌.
ചുണ്ടിന്റെ അകഭാഗം മുറിവായി വെള്ളയും ചുകപ്പും ഇടകലര്‍ന്ന നിറം.
ചുണ്ടു പുറത്തേക്കു വലിച്ചു അതിന്റെ ഉള്‍ഭാഗത്തു അതു വെച്ചപ്പോള്‍ അവന്‍ പിടയുന്നതു പോലെ ഒന്നു വിറച്ചു.
എങ്കിലും കടിച്ചു പിടിച്ചു അതവിടെ തന്നെ അമര്‍ത്തി വെച്ചു.

പുകയില ലഹരികള്‍ നേരിട്ടു രക്തത്തിലേക്കു കലരാന്‍ രക്തകുഴലുകളെയും നേരിയ തൊലിയേയും മുറിവാക്കാന്‍ അതില്‍ ചില്ലുപൊടി ചേര്‍ക്കാറുണ്ടെന്നു ഞാന്‍ എവിടെയോ വായിച്ചതോര്‍ത്തു.

ഞാന്‍ നസീം ഖാനോടു ചോദിച്ചു.
" നസീം, ക്യോം യ ചീസ്‌ ഇസ്തിഹ്‌മാല്‍ കര്‍ത്താ ഹെ? യ ബഹുത്‌ ഖത്തറാ ഹെ!"

അവന്‍ പറഞ്ഞതും മറ്റൊന്നായിരുന്നില്ല
" സാബ്‌ യ ഇത്‌നാ ബുരാ.. നഹി ഹെ! മൈം കബീ ബീ ചോഡ്‌ സക്തേ"

രണ്ടായിരത്തി അഞ്ഞൂറു ദിര്‍ഹം പിഴയിട്ടിട്ടും,
വായ മുഴുവന്‍ മുറിവായിട്ടും,
ഡ്യൂട്ടി സമയത്തു ഉമ്മുല്‍ ഖുവൈനില്‍ നിന്നു അബൂദാബി വരെ ഒരു ബാഗു പാന്‍പരാഗു ലഹരിക്കു വേണ്ടി പോകാന്‍ അവനെ പ്രേരിപ്പിച്ച അടിമത്തത്തിനെ മനസ്സിലാക്കാന്‍ അവനു കഴിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ശരിക്കും എനിക്കു വിഷമം വന്നു.

എനിക്കു പുകവലി-ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ പ്രേരണ നല്‍കിയ ഒരുപാടു പ്രചോദനഘടകങ്ങള്‍ ഉണ്ടായിരുന്നു.
ഈ കഴിഞ്ഞ ജൂലൈ 7 കടന്നു പോയപ്പോള്‍ അവയൊന്നും തീരെ ഉപയോഗിക്കാത്ത 10 വര്‍ഷം ഞാന്‍ പിന്നിട്ടതോര്‍ത്തു അഭിമാനം കൊള്ളുന്നു. പക്ഷെ ഇന്നു ഞാന്‍ പറയുന്നു.
It was a worse habit in me, and I overcome it with willpower and the Promise given

16 അഭിപ്രായങ്ങൾ:

അപ്പു ആദ്യാക്ഷരി പറഞ്ഞു...

പുകയില ലഹരികള്‍ നേരിട്ടു രക്തത്തിലേക്കു കലരാന്‍ രക്തകുഴലുകളെയും നേരിയ തൊലിയേയും മുറിവാക്കാന്‍ അതില്‍ ചില്ലുപൊടി ചേര്‍ക്കാറുണ്ടെന്നു ഞാന്‍ എവിടെയോ വായിച്ചതോര്‍ത്തു.


കരീം മാഷേ പുകവലിക്കാരൊക്കെ ഇതൊന്നു വായിച്ചിരുന്നെങ്കില്‍! കേരളത്തിലെ പാന്‍പരാഗ് ഉപയോക്താക്കളില്‍ നല്ലൊരു പങ്കും കുട്ടികളാ‍ണെന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു

ശ്രീ പറഞ്ഞു...

വളരെ ആവശ്യമുള്ള പോസ്റ്റു തന്നെ മാഷെ...

എല്ലാവരും ഇതൊന്നു വായിച്ചു നോക്കൂ...

Satheesh പറഞ്ഞു...

മാഷെ,
വളരെ നല്ല പോസ്റ്റ്. പങ്കു വെച്ചതിനു നന്ദി.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു- നാട്ടില്‍ പുകവലിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനോട് ഇത് പറഞ്ഞപ്പോള്‍ അവന്റെ മറുപടി - ‘ജനം ഫുള്‍ ടൈം തണ്ണിയാഡേ, അതൊഴിഞ്ഞിട്ട് വേണ്ടേ സിഗററ്റ് വാങ്ങി കത്തിക്കാന്‍!‘. അതും സത്യം. വെള്ളമടിച്ച് വഴിവക്കില്‍ അലമ്പുണ്ടാക്കുന്നാവരുടെ എണ്ണം പല മടങ്ങധികമായി തോന്നി ഇപ്പോള്‍!

ഏ.ആര്‍. നജീം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഏ.ആര്‍. നജീം പറഞ്ഞു...

മാഷേ, വളരെ നല്ല ഒരു പോസ്‌റ്റ്,
വായിക്കുന്നവരില്‍ ഇത്തരം ദു:സ്വഭാവമുള്ള ആരിലെങ്കിലും ഒരാളുടെയെങ്കിലും മനസില്‍ ഇത് ഒരു മാറ്റത്തിന്റെ ചെറു ചിന്ത പകരാന്‍ ആയെങ്കില്‍...

പുള്ളി പറഞ്ഞു...

മാഷേ, നന്നായി എഴുതിയിരിയ്ക്കുന്നു.

സൂര്യോദയം പറഞ്ഞു...

മാഷേ... ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരും പുകവലിക്കാരും എപ്പോഴും പറയുന്നത്‌ ഈ ഡയലോഗ്‌ തന്നെ... പക്ഷെ, അവരറിയാതെ അവരെ നിര്‍ത്തുകയാണ്‌ അത്‌ ചെയ്യുന്നതെന്നവര്‍ മനസ്സിലാക്കുന്നില്ലെന്ന് മാത്രം...:-(

സു | Su പറഞ്ഞു...

നല്ല പോസ്റ്റ് :)

പുകവലിക്കുന്നവരും, പാന്‍ തിന്നുന്നവരും, കുടുംബാംഗങ്ങള്‍ക്കും വിഷമം ഉണ്ടാക്കുന്നു. പാടേ മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും, ഇത്തരം ശീലങ്ങള്‍ക്കൊരു നിയന്ത്രണം നല്ലതാവും.

വേണു venu പറഞ്ഞു...

ബര്‍ണാഡു് ഷായാണെന്നെന്‍റെ ഓര്‍മ്മ. ഒരിക്കല്‍‍ പറഞ്ഞു. സിഗററ്റു വലി നിര്‍ത്താനെളുപ്പമാണു്. നോക്കൂ എന്നെ. ഞാനെത്രയോ പ്രാവശ്യം നിര്‍ത്തിയിരിക്കുന്നു.
മാഷേ നല്ല പോസ്റ്റു്. അഡിക്ഷന്‍‍ എന്ന രാക്ഷസനില്‍ നിന്നുള്ള മോചനമല്ലാതെ ഇതിനൊരു പോമ്വഴി ഇല്ല.അപ്പോള്‍‍ പല ചോദ്യങ്ങളും അതിനൊക്കെ ഉത്തരങ്ങളും.:)‍‍

സാജന്‍| SAJAN പറഞ്ഞു...

മാഷേ, ബ്ലോഗ് എന്ന മാധ്യമത്തിന്റെ തന്നെ നിലവാരം ഉയര്‍ത്തുന്നത് ഇത്തരം പോസ്റ്റുകളാണ്:)
ഗ്രേറ്റ്!

ടി.പി.വിനോദ് പറഞ്ഞു...

നല്ല പോസ്റ്റ് മാഷേ..

മുക്കുവന്‍ പറഞ്ഞു...

നല്ല പോസ്റ്റ്. എല്ലാതരം അഡിക്ഷനും ഇങ്ങനെ തന്നെ മാഷെ.

myexperimentsandme പറഞ്ഞു...

നന്നായിരിക്കുന്നു കരീം മാഷേ. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അതിന് ഒന്നുകൂടി ഇഫക്ട് ഉണ്ടാവും.

മന്‍സുര്‍ പറഞ്ഞു...

മാഷെ....

സമയോചിതമായ ഒരു സത്യം തുറന്ന് പറഞതിന്‌ അഭിനന്ദങ്ങള്‍ ...
കണ്ണുളളവര്‍ കാണട്ടെ.....
കാതുള്ളവര്‍ കേള്‍ക്കട്ടെ...
അറിവുള്ളവര്‍ വായിക്കട്ടെ...

എല്ലം അറിഞിട്ടും ....ഞാനൊന്നുമറിഞില്ലേ...നാരയണ...എന്ന ഭാവമാണ്‌ ഇന്നും നമ്മുടെ ആളുകളില്‍
ഈ കുറിപ്പ് ചിലരുടെയെങ്കിലും അടഞ മിഴികല്‍ തുറപ്പികട്ടെ എന്ന പ്രത്യാശയോടെ.....

(2മാസം മുന്‍പ്പ് ഈ രോഗം വന്ന് മരണമടഞ പെങ്ങളെ ഓര്‍ത്ത് പോയി...ഒരാള്‍ ഈ രോഗം വരാതിരികട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

മാഷെ...വരമൊഴിയെ കുറിച്ച് മാഷ് തന്ന ലിങ്ക് കിട്ടിയില്ല....
ഒന്നു കൂടി വ്യകതമാക്കാമോ......
ബുദ്ധിമുട്ടുള്ള കുറെ വാകുകല്‍ കിട്ടാന്‍ ഉണ്ടു.
അറിയിക്കുമല്ലോ.......

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

സത്യം മനസ്സിലാക്കാന്‍ ഇക്കാലത്ത് ആരു ശ്രമിക്കുന്നു മാഷെ.
ഈ ഭൂമിയുടെ മാറില്‍ മനുഷ്യന്‍ കണക്ക് കൂട്ടുന്നത് എത്രയൊ മെച്ചം.!!
എന്നാല്‍ മനുഷ്യന്‍ അങ്ങീകരിക്കുന്നത് എത്രയോ തുച്ചം.!!
സത്യത്തെ മനസ്സിലാക്കാന്‍ മനുഷ്യന്‍ മറക്കുന്നു മാഷെ..
എന്നിരുന്നാലും എന്‍റെ പ്രിയതോഴന്‍ പറഞ്ഞപോലെ...
[കണ്ണുളളവര്‍ കാണട്ടെ.....
കാതുള്ളവര്‍ കേള്‍ക്കട്ടെ...
അറിവുള്ളവര്‍ വായിക്കട്ടെ...]
ഈ പ്രപഞ്ചം എന്ന അണയാദീപത്തെ മറക്കുന്നു പലമനുഷ്യരും അല്ലെ മാഷെ..!!
മനസ്സിലായിട്ടും മനസ്സിലാ‍യില്ലാന്ന് നടിക്കുന്ന ഈ കോടാനുകോടി ജനങ്ങളെ ഇനി എങ്ങനെ പറഞ്ഞു മനസ്സിലാക്കും മാഷെ.!!
സസ്നേഹം സജി പരവൂര്‍.!!

myexperimentsandme പറഞ്ഞു...

കരീം മാഷേ, സ്വാതന്ത്ര്യദിനാശംസകള്‍ (പുകവലി ഉള്‍പ്പടെ) :)