2007, ജൂലൈ 1, ഞായറാഴ്‌ച

കയ്യാലപ്പുറത്തെ ജന്മങ്ങള്‍

ഇന്നലെ ഏഷ്യാനെറ്റു വാര്‍ത്താ ചാനല്‍ തുറന്നു അതിലെ " കേട്ടതും കണ്ടതും" കുറച്ചു നേരം നോക്കിയിരുന്നു.
അറബിക്കല്യാണത്തിനിരയായി ദുബൈയിലെക്കു പറിച്ചു നടപ്പെട്ട ഒരു കോഴിക്കോട്ടുകാരിയുടെ പറഞ്ഞും കേട്ടും പഴകിയ ഒരു കഥയാണപ്പോള്‍ കാണിച്ചിരുന്നത്‌..
മൂന്നു മക്കളെ സമ്മാനിച്ചു കൊണ്ടു ഇറാനിയായ ഭര്‍ത്താവറബിയാല്‍ മൊഴിചൊല്ലപ്പെട്ടു കേരളത്തിലേക്കു തിരിച്ചു വരേണ്ടി വന്ന ഒരു അനുഭവമുണ്ടായിരുന്നതിനാല്‍ ആ പാവത്തിന്റെ കഥക്കൊരു വാര്‍ത്താപ്രധാന്യം വന്നു.
കെട്ടിയ പുരുഷനാല്‍ തിരസ്കരിക്കപെട്ട അവരെ കേരളത്തില്‍ സ്വീകരിക്കാനും പത്തു പന്ത്രണ്ടുകൊല്ലം അവരെയും ആ കുട്ടികളെയും നോക്കി വളര്‍ത്താനും അവരുടെ ഉമ്മായുടെ വീട്ടുകാര്‍ക്കു കഴിഞ്ഞു. പക്ഷെ ഇറാനി ബീജത്തില്‍ നിന്നുണ്ടായ ആ കുട്ടികള്‍ക്കു ഇന്ത്യന്‍ പൗരത്വത്തിനു അപേക്ഷിച്ചപ്പോള്‍ പൗരത്വം അനുവദിച്ചില്ലന്നു മാത്രമല്ല, കുട്ടികളുടെ പിതാവ്‌ ഇറാനിയായതിനാല്‍ പ്രായപൂര്‍ത്തിയാവുന്നതു വരെ മാത്രമേ ആ കുട്ടികളെ ഇന്ത്യയില്‍ അമ്മയുടെ കൂടെ നിര്‍ത്താന്‍ പോലും അനുവദിക്കൂ എന്നും അതിനു ശേഷം അവരെ ഇറാന്‍ എംബസിക്കു കൈമാറി ഇന്ത്യയില്‍ നിന്നു നാടുകടത്തും എന്നാണത്രേ ഇന്ത്യയിലെ ഉദ്യോഗസ്ഥവിഭാഗം വ്യക്തമാക്കിയത്‌.
അങ്ങനെ മൂത്ത പെണ്‍കുട്ടി ഉടനെ ഇന്ത്യയില്‍ നിന്നു നാടുകടത്തപ്പെടുകയാണ്‌.
പേടിച്ചു പരിഭ്രമിച്ച ആ പെങ്കുട്ടിയുടെ മുഖവും അവളുടെ ഉമ്മാന്റെ കരഞ്ഞു കലങ്ങിയ മുഖവും മനസ്സിലിട്ടു കൊണ്ടാണ്‌ ഇന്നലെ എന്റെ ദിവസം തുടങ്ങിയത്‌.
ഒരു പരിചയവും ഇല്ലാത്ത നാട്ടില്‍, സ്വീകരിക്കുമോ അതോ തിരസ്കരിക്കുമോ എന്നു തീര്‍ച്ചയില്ലാത്ത മായയായ ഒരു പിതാവിന്റെ ദൃശ്യമല്ലാത്ത കുടുംബവേരുകള്‍ തേടിപ്പിടിക്കാന്‍ ആജ്ഞപിച്ചു കൊണ്ടു ആ പെണ്‍കുട്ടിയെ ഇന്ത്യയില്‍ നിന്നു പിടിച്ചു കെട്ടി പുറത്താക്കപെടുമ്പോള്‍ നിയമങ്ങള്‍ മനുഷ്യനെ സഹായിക്കാനാണെന്ന ആപ്തവാക്യം അര്‍ത്ഥരഹിതമാകുന്നു. പിതാവിന്റെ അഭാവദു:ഖം അറിയിക്കാതെ മക്കളെ സ്നേഹിച്ചു വളര്‍ത്തിയ ഉമ്മയില്‍ നിന്നു അവരെ പിടിച്ചു വേര്‍പ്പെടുത്തി സമുദ്രാതിരുകള്‍ കടത്തി വിടുമ്പോള്‍ രാജ്യം കൂടുതല്‍ സുരക്ഷ നേടുന്നുവോ?. പ്രായം പതിനാറു കഴിഞ്ഞ ഒരു പാവം പെണ്‍കുട്ടി എന്തു ചെയ്യാനാണ്‌. ചെയ്യുന്നതൊക്കെ മറ്റുള്ളവരാവില്ലെ!
രാജ്യാതിര്‍ത്തികള്‍ കടന്നുള്ള കല്യാണങ്ങള്‍ ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ വഴി നിയമസാധുത നല്‍കുന്ന നാട്ടില്‍, അങ്ങനെ സംഭവിക്കുന്ന കല്യാണങ്ങള്‍ പരാജയപ്പെടുമ്പോള്‍ അവ പരിഹരിക്കാനുള്ള നടപടികളും നിയമങ്ങളും മനുഷ്യത്വപരമായിട്ടു നവീകരിക്കേണ്ടതില്ലേ?.

ബ്ലോഗുവായന കുറഞ്ഞു. എല്ലാ എഴുത്തും വായിക്കാന്‍ സമയമെവിടെ?
വായിച്ചാല്‍ തന്നെ കമണ്ടിടല്‍ അപൂര്‍വ്വം. പോസ്റ്റും കമണ്ടും ആരും വായിക്കാനില്ലങ്കില്‍ ഹാര്‍ഡ്‌ ദിസ്കിലിടുന്നതു തന്നെ നല്ലത്‌. ഈ ചിന്തയില്‍ ബ്ലോഗുവായന നടക്കാത്ത രണ്ടാമത്തെ വെള്ളിയാഴ്ച്ചയും കടന്നു പോയി.
ജീവിതത്തില്‍ ക്ലിപ്തമായ മണിക്കൂറുകളെയുള്ളൂവെന്നും അവ കൂട്ടാനും കിഴിക്കാനും സാധിക്കില്ലന്നും ഗര്‍ഭത്തിലെ നാലാം മാസത്തില്‍ തന്നെ അവ എഴുതപ്പെട്ടിട്ടുണ്ടെന്നും വിശ്വസിക്കുന്നതിനാല്‍ വിലപ്പെട്ട സമയം നല്ല കാര്യത്തിനു ഉപയുക്തമാക്കണമെന്ന ഉദ്ദ്യേശ്യത്താല്‍ ഞാന്‍ ഈ വെള്ളിയാഴ്ച കുറച്ചു സമയം 'മൂസാ റസ ഫാറൂഖി'യുടെ "ഫോഡര്‍" കടയിലിരുന്നു.
ഇവിടെ ഒട്ടകങ്ങള്‍ക്കുള്ള ഉണങ്ങിയ പുല്ലും ധാന്യങ്ങളും വില്‍ക്കുകയാണയാളുടെ പണി.
കഥ പറയാന്‍ അയാള്‍ക്കു നല്ല ഇഷ്ടമാണ്‌. മൂലയിലെ പീഠത്തില്‍ സ്റ്റഫുചെയ്തുവെച്ചതു പോലെ അനങ്ങാതിരിക്കുന്ന വിലകൂടിയ ഫാല്‍ക്കന്‍ പക്ഷിയുടെ കണ്ണുകള്‍ മൂടാന്‍ അണിയിച്ച കൊത്തുപണികളുള്ള കിരീടത്തിലേക്കു നോക്കിയിരുന്നാ കഥകള്‍ കേള്‍ക്കാന്‍ എനിക്കും ഇഷ്ടമാണ്‌.
അയാള്‍ക്കു 70 വയസ്സിനുമേല്‍ പ്രായം കാണും. ഇറാനിയാണ്‌, ഉമ്മ കോഴിക്കോട്ടുകാരിയായിരുന്നത്രേ! ഉമ്മ മരിക്കുന്നതു വരെ അയാള്‍ കേരളത്തില്‍ വന്നിരുന്നത്രേ!. മലയാളം നന്നായി പറയും. കോഴിക്കോട്ടും മലപ്പുറത്തും വന്നു താമസിച്ചിട്ടുണ്ട്‌. തീ പിടിച്ച തെരുവിനെക്കുറിച്ചു ടി.വി വാര്‍ത്ത കണ്ട അന്നയാള്‍ മിഠായി തെരുവിനെക്കുറിച്ചും കോഴിക്കോടന്‍ ഹലുവയെക്കുറിച്ചും ഏറെ നേരം എന്നോടു സംസാരിച്ചു.
മാനഞ്ചിറ മൈതാനവും,കുളവും അയാളുടെ നൊസ്റ്റാള്‍ജിയയണെന്നു ഞാനറിഞ്ഞു.
മലപ്പുറം, കൊണ്ടോട്ടി നേര്‍ച്ചകളെക്കുറിച്ചു എന്നെക്കാള്‍ നന്നായി അയാള്‍ക്കറിയാം. പേഴ്സിനകത്തു ഒരു സ്മാരകമെന്നോണം അയാള്‍ കൊണ്ടു നടക്കുന്ന ഇന്ത്യന്‍ രൂപ കണ്ടു ഞാന്‍ അഭിമാനം കൊണ്ടു.
പണ്ടു യു.എ.ഇ.യില്‍ ഇന്ത്യന്‍ രൂപയായിരുന്നു നിലവിലിരുന്നതെന്നും ഇവിടെത്തെ രാജാക്കന്മാരും രാജകുമാരന്മാരും ചികില്‍സക്കും പഠനത്തിനും ഭാരതത്തിലെക്കാണു വന്നിരുന്നതെന്നുമുള്ളതു മുന്നേയറിയാമെങ്കിലും ആ അറിവിനു താഴെ ഒരു ദൃക്‌സാക്ഷിയുടെ കയ്യോപ്പിനു ഏറെ വിശ്വാസ്യത തോന്നി.
ഇന്നലെ വൈകുന്നേരം ആറു മണിക്കു ഞാന്‍ മൂസയുടെ കടയിലിരിക്കുകയായിരുന്നു.
ഏഷ്യാനെറ്റിലെ ആ വാര്‍ത്തയെക്കുറിച്ചു അദ്ദേഹവുമായി ചര്‍ച്ച ചെയ്തു.അയാള്‍ ഒരു മിനിട്ടു കഴിഞ്ഞു കടക്കു മുന്നിലൂടെ തന്ത്രം ചാടി കടന്നു പോകുന്ന ഒരു പയ്യനെ ചൂണ്ടി പറഞ്ഞു.



" ഇവനാണ്‌ "ഉണ്ണി" തൊട്ടടുത്ത മലയാളി ലോണ്ട്രിക്കാരന്റെ മകന്‍. ഇവന്റെ അമ്മ ശ്രിലങ്കക്കാരി. ഇവനു പാസ്പോര്‍ട്ടോ പൗരത്വമോ ഇല്ല. പത്തുകൊല്ലം മുമ്പു ആ ലോണ്ട്രിക്കാരനു മുഹബ്ബത്തോ മുസീബത്തോ തോന്നി ഒരു ശ്രീലങ്കക്കാരി ഹൗസ്‌മെയിഡിനോടു ഇണചേര്‍ന്നു.

ഞാന്‍ മനസ്സില്‍ പറഞ്ഞു (ഗാന്ധര്‍വ്വ വിവാഹം ചെയ്തുകാണും. ഉന്നതന്മാര്‍ക്കു ഇങ്ങനെയും ഒരു ലൂപ്പ്‌ഹോള്‍ പറഞ്ഞു തന്നിട്ടുണ്ടല്ലോ!)
ഏതായാലും വിവാഹം നിയമാനുസൃതമാക്കിയിട്ടില്ല. സംഗതി ഏതായാലും മധുവിധു മൂര്‍ച്ചിച്ഛപ്പോള്‍ ഇവന്‍ അവളുടെ ഗര്‍ഭത്തില്‍ ഊറി. അപ്പോള്‍ തന്ത, ഗതിയില്ലാതെ കേരളത്തിലേക്കു മുങ്ങി.

ഭീതിയിലാണ്ട ശ്രീലങ്കക്കാരി, ഗര്‍ഭവുമായി സ്പോണ്‍സരുടെ അടുത്തു നിന്നു ചാടി. നിയമം ലംഘിച്ചും ഒളിവില്‍ കഴിഞ്ഞും അവള്‍ കുഞ്ഞിനെ പ്രസവിച്ചു. സ്വകാര്യമായി വളര്‍ത്തി. കുഴപ്പമില്ലന്നു കണ്ടു തിരിച്ചു വന്നെത്തിയ കുഞ്ഞിന്റെ തന്ത വീണ്ടും ശ്രീലങ്കക്കാരിയെ സമീപിച്ചപ്പോള്‍ അവള്‍ എല്ലാം മറന്നു. ആ മറവി മുതലെടുത്തു അയാള്‍ മറ്റൊരു പെണ്‍കുട്ടിയെകൂടി അവള്‍ക്കു സമ്മാനിച്ചു. അതിനെയും നിയമാനുസൃതമല്ലാത്ത രീതിയില്‍ പ്രസവിച്ചു വളര്‍ത്തിയ അവള്‍ ഒരു ആംനസ്റ്റിക്കാലത്തു കുട്ടികളെ രണ്ടിനെയും തന്തക്കു തിരിച്ചു നല്‍കി ശ്രീലങ്കയിലേക്കു എന്നന്നേക്കുമായി പറന്നു.
സംഗതിയുടെ കിടപ്പതൊന്നുമല്ല രണ്ടാള്‍ക്കും നാട്ടില്‍ വേറെ അന്തസ്സുള്ള ദാമ്പത്യജീവിതവും അതില്‍ സന്താനങ്ങളും ഉണ്ടത്രേ!
ഉണ്ണിയെ ഞാന്‍ കണ്ടു. ശ്രീലങ്ക-ഭരത സമ്മിശ്ര സന്തതി. "അതെ കയ്യാലപ്പുറത്തെ ജന്മം". മെഡിക്കല്‍ കാര്‍ഡോ, ജനനസര്‍ട്ടിഫിക്കറ്റൊ ഇല്ല. സ്കൂളില്‍ ചേര്‍ക്കാന്‍ പറ്റില്ല. നിയമാനുസൃതമായ ഒരു ഐഡണ്ടിറ്റിയും ഇല്ല.
ഈ ലോണ്ട്രിക്കാരന്റെ വിസ തീര്‍ന്നു പോയാല്‍ ഈ കുട്ടികളുടെ ഭാവി എന്താവും.
അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവനനുഭവിക്കുമെന്നു കേട്ടിട്ടുണ്ട്‌. അതില്‍ ന്യായവും ഉണ്ട്‌. പക്ഷെ ചെയ്യാത്ത കുറ്റ
ത്തിനു ശിക്ഷവാങ്ങുന്ന ഈ കുഞ്ഞുങ്ങളുടെ പറ്റി ചിന്തിച്ചാല്‍ ഒരറ്റവുമില്ല.
മൂസ പറഞ്ഞതു പോലെ "ഖുദാ കോ മാലും" എന്നു പറഞ്ഞു മാറി നില്‍ക്കാന്‍ ആണെങ്കിലെന്തിനാണു നാമൊരു ഭരണഘടനയെഴുതിയതും അതിന്റെ പ്രാബല്യം ഇത്രക്കും ആഘോഷിക്കുന്നതും.
ഞാന്‍ കൂടുതല്‍ ചിന്തിക്കാന്‍ പോയില്ല.
ഇതു എഴുതി ബ്ലോഗിലിടാം ബുദ്ധിയുള്ളവര്‍ ആരെങ്കിലും ഒരു പരിഹാരം നിര്‍ദ്ദേശിക്കട്ടെ!

അയാള്‍ കുട്ടികള്‍ക്കു ഇന്ത്യന്‍ പാസ്പോര്‍ട്ടിനു അപേക്ഷിച്ചിട്ടിതു ഇതു വരെ ഇന്ത്യന്‍ എമ്പസ്സി ഇക്കാര്യത്തില്‍ ഒരു തീരുമാനം പറഞ്ഞിട്ടില്ല.
ഇതു പോലെ എമിഗ്രേഷന്‍ നിയമങ്ങളുടെ നൂലാമാലകളില്‍ കുടുങ്ങിയ എത്ര കയ്യലപ്പുറത്തെ ജന്മങ്ങള്‍ ആരുമറിയാതെ കാണാമറയത്തിരിപ്പുണ്ടാവും!

15 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

ഇതു പോലെ എമിഗ്രേഷന്‍ നിയമങ്ങളുടെ നൂലാമാലകളില്‍ കുടുങ്ങിയ എത്ര കയ്യലപ്പുറത്തെ ജന്മങ്ങള്‍ ആരുമറിയാതെ കാണാമറയത്തിരിപ്പുണ്ടാവും!

സൂര്യോദയം പറഞ്ഞു...

കരീം മാഷേ... വായിച്ചിട്ട്‌ വിഷമം തോന്നി... ഇതിന്‌ പോം വഴി നിര്‍ദ്ദേശിയ്ക്കാന്‍ മാത്രം ബുദ്ധിയോ വിവരമോ ഇല്ലാത്തതിനാല്‍ കൂടുതലൊന്നും പറയുന്നില്ല... പ്രാര്‍ത്ഥിക്കാം...

മൂര്‍ത്തി പറഞ്ഞു...

:(
പരിഹാരമൊന്നും നിര്‍ദ്ദേശിക്കാനില്ല...പാവം കുട്ടികള്‍..

മെലോഡിയസ് പറഞ്ഞു...

കരീം മാഷേ. വായിച്ചിട്ട് നല്ലോണം സങ്കടം വന്നു.ഓരോരുത്തര്‍ ചെയ്‌ത് കൂട്ടുന്നത്തിന്റെ പരിണിതഫലം ഒരു തെറ്റും ചെയ്യാത്ത അവരുടെ തന്നെ രക്തത്തില്‍ പിറന്നവര്‍ക്ക് ശാപമായാല്‍ എന്താ ചെയ്യാ?

Kaithamullu പറഞ്ഞു...

കരീം‌മാഷേ,

ഇത്തരം കഥകളേറെ കേട്ടിട്ടുണ്ട്. ഈ ലാന്‍ഡ്രിക്കാരന്റെ കഥയും ടിവിയില്‍ വന്നതാണ്.
നമുക്കെന്ത് ചെയ്യാന്‍ പറ്റും?

വേണു venu പറഞ്ഞു...

മാഷേ..അതാതു സ്ഥലങ്ങളിലെ നിയമങ്ങള്‍ക്കു മുന്നില്‍‍ പോമ്വഴി എന്തു്. ? മനുഷ്യാവകാശ കമ്മീഷനെന്നൊക്കെയുള്ള സംഘടനകളിലൂടെ പട്ടാള, ഏകാധിപത്യ ഭരണങ്ങളല്ലെങ്കില്‍‍ കുറെ സമ്മര്‍ദ്ദങ്ങളൊക്കെ ഒക്കുമായിരിക്കാം. കൂടുതലറിയില്ല. പരിഹാരമൊന്നും നിര്‍ദ്ദേശിക്കനറിയില്ല മാഷേ...

ഏറനാടന്‍ പറഞ്ഞു...

കേഴുകയല്ലാതെ എന്തു ചെയ്‌വാന്‍?
ഇതിനുത്തരവാധികള്‍ ആരാണ്‌?

kichu / കിച്ചു പറഞ്ഞു...

“കയ്യാലപ്പുറത്തെ ജന്മങ്ങള്‍"
ആ title- ല് തന്നെയുണ്ടല്ലൊ മാഷേ അവരുടെ തേങ്ങല്‍

ശോണിമ പറഞ്ഞു...

എന്തു ചെയ്യാന്‍ പറ്റും?

ദേവന്‍ പറഞ്ഞു...

ഇന്ന് പത്രത്തില്‍ അംനസ്റ്റിയില്‍ നാട്ടില്‍ കയറി പോകാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ നിയമാനുസൃതമല്ലാതെ ഉണ്ടായ പൗരത്വം ഒരു രാജ്യത്തുമില്ലാത്ത മക്കളെ കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ പോകുന്നില്ലെന്നു വച്ച രണ്ടു സ്ത്രീകളെക്കുറിച്ചു വാര്‍ത്ത ഉണ്ടായിരുന്നു.

എന്തു ചെയ്യാനാവും? ഒരു പിടിയുമില്ല.

ഏ.ആര്‍. നജീം പറഞ്ഞു...

മാഷേ,
ഇത്തരത്തില്‍ പലതും നമ്മുടെ കണ്‍മുന്നില്‍ കാണുമ്പോഴും നമ്മുക്ക് ഒന്നും ചെയ്യാനാവില്ലല്ലോ എന്ന ചിന്ത മനസിനെ അലട്ടിതുടങ്ങും .. എന്തു ചയ്യാം പ്രാത്ഥിക്കാം അതല്ലെ നമ്മുക്കു പറ്റൂ...ഇതേ കഥാപാത്രങ്ങളും സംഭവങ്ങളും ഒരു സിനിമയിലോ സീരിയലിലോ കണ്ടാല്‍ കരയുന്ന നമ്മള്‍ .....

:: niKk | നിക്ക് :: പറഞ്ഞു...

എന്തു ചെയ്യാം ? :(

ശാലിനി പറഞ്ഞു...

എംബസിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലേ? കുട്ടികള്‍ ആരുടെ സംരക്ഷണയിലാണോ കഴിയുന്നത് - മാതാവിന്റേയോ പിതാവിന്റേയോ - അവരുടെ രാജ്യത്തിന്റെ പൌരത്വം കൊടുക്കാന്‍ പറ്റില്ലേ?

ഇവിടെ സഹായത്തിനുനിന്നിരുന്ന കുട്ടി - ശ്രീലങ്കനാണ്, കല്യാണം കഴിച്ചിരിക്കുന്നത് ഇന്ത്യക്കാരന്‍. ഇപ്പോള്‍ പൊതുമാപ്പിന് രണ്ടുപേരും അവരവരുടെ നാട്ടില്‍ പോയി, ഇനി എന്നെങ്കിലും കുവൈറ്റില്‍ തിരിച്ചുവരുമ്പോള്‍ കാണാമെന്ന ഉറപ്പില്‍. അവര്‍ക്ക് കുട്ടികളില്ലാതിരുന്നത് നന്നായി.

അപരാജിത പറഞ്ഞു...

കരീം മാഷേ,
മാഷടെ പേരെങ്ഹനെയാ എ വെച്ചു തുദങുക?അതു കെ അല്ലേ?ഇന്നീപ്പോ ഇനിഷ്യലാ?

കരീം മാഷ്‌ പറഞ്ഞു...

പ്രിയ അന്‍പു എബി.
എന്റെ ഒഫീഷ്യല്‍ പേരു അബ്ദുല്‍കരീം എന്നാണ്.
മിക്ക മുസ്ലിം പേരുകള്‍ക്കും പ്രിഫിക്സായി അബ്ദുല്‍ എന്നുണ്ടാവും. ഉദാഹരണം.
സലീം, കലാം, ലത്തീഫ്, സത്താര്‍, നാസര്‍, അഹദ്, സമദ്, തുടങ്ങിയവ.

കരീം മാഷ് എന്നു ഞാന്‍ ബൊഗെഴുതാന്‍ സ്വീകരിച്ച തൂലികാനാമമാണ്
(ഇപ്പോള്‍ മനസ്സിലായോ?)
പിന്മൊഴി മരിച്ചതിനാല്‍ ചോദ്യങ്ങള്‍ വന്ന ബ്ലോഗില്‍ തന്നെ മറുപടി കിട്ടാനും വിഷമമായി അല്ലെ!