2020, മാർച്ച് 23, തിങ്കളാഴ്‌ച

കൊറോണക്കാലത്തെ വൈധവ്യം

ടങ്ങിയിരിക്കൽ  കാലമാണ്. സന്ദർശനങ്ങളും വിരുന്നുകൾ പോലുമില്ല. ഫോൺ ഉണ്ടായതുകൊണ്ട് വിവരങ്ങൾ അറിയാതി രിക്കുന്നില്ല. പക്ഷേ പ്രിയപ്പെട്ടവരുമായി സംഭാഷണങ്ങൾ നീണ്ടു പോകുന്നോ എന്നൊരു ശങ്ക മാത്രം. 
ഇന്നലെ എളേമ്മ വിളിച്ചിരുന്നു. വിധവയാണ്. കൊറോണ കാലത്തെ ഫോൺ വിളിയാണ്. അറുപതിൽ കൂടുതൽ പ്രായമുള്ളവർക്കൊക്കെ ഏകാന്തതയിൽ  ആശങ്കയാണ്. 
 അവർക്ക് സൗഹൃദ സംഭാഷണങ്ങൾക്ക് ഞങ്ങളൊക്കെ തന്നെയേ ഉള്ളൂ.
അതിനാൽ വളരെ മൃദുലമായേ സംസാരിക്കാറുള്ളൂ. സംസാരത്തിനൊടുവിൽ ഒരു വസിയ്യത്തു പോലെ എളേമ  ഇമോഷണലായി...

"നോക്കേ... ഇയ്യ് പോയിട്ട് അന്റെ അയലോക്കത്തെ ആ നഴ്സിനോട് ന്റെ പ്രിയ സലാം പറയണേ...!
ഒരു പൊരുത്തപ്പെടീക്കൽ ടോണുണ്ട് ആ അഭ്യർത്ഥനയ്ക്ക്. 
"കേൾക്കാനോള്  നിന്നു തന്നിട്ട് വേണ്ടേ എളേമാ... സലാം പറയാന്...!"

ഞാൻ എളേമാക്ക് ഒരു കുത്തു കൊടുത്തതാണ്.
 അത് നന്നായി കൊണ്ടുവെന്ന് ഫോൺ കട്ട് ചെയ്യുന്നതിന് മുൻപുള്ള ഒരു ഗദ്ഗദ ശബ്ദത്തിൽ നിന്നും മനസ്സിലായി.

ഞാനോർത്തു.
എളേമ്മ അവസാനം വീട്ടിൽ വന്നു പാർത്ത  ദിവസങ്ങളിൽ അവർ പതിവായി കണ്ട കാഴ്ച.  ചായകുടി കഴിഞ്ഞ്  എന്റൊപ്പം സിറ്റൗട്ടിൽ പേപ്പറും വായിച്ചിരിക്കുന്ന സമയത്ത് മതിലിനപ്പുറത്തെ വഴിയിലൂടെ മേൽപ്പറഞ്ഞ നഴ്സ് ആശുപത്രിയിലെത്താൻ നേരം വൈകിയെന്നറിഞ്ഞ് വാച്ചിൽ നോക്കി ബസ്സിന് ഓടുന്ന നിത്യ കാഴ്ച.
"ഈ പെമ്പെറനോത്തിക്കൊന്നു  നേരത്തെ ഒരുങ്ങെറങ്ങ്യാലെന്താ?"
ആത്മഗതമായിരുന്നെങ്കിലും ഇത്തിരി ഉച്ചത്തിലായിരുന്നതിനാൽ ഞാനത് കേട്ടു.
"എളേമ്മ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്?".
"അവരൊരു വിധവയാണ്, ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻറ് ആണ്.   സ്കൂളിൽ പഠിക്കുന്ന രണ്ടൂന്ന് ചെറിയ കുട്ടികളുമുണ്ട്. വേറെ ആരും സഹായത്തിനില്ല. സ്വന്തം കാര്യവും, വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും എല്ലാമൊരുക്കി ശരിയാക്കിയിട്ട് വേണം പത്തുപ്പത്  കിലോമീറ്റർ അപ്പുറത്തുള്ള ഹോസ്പിറ്റലിൽ എത്താൻ അതും ബസ്സിന്...!"

വിധവ എന്ന കേട്ടതും എളേമ്മയുടെ കണ്ഠമിടറി. കുറ്റബോധം കൊണ്ട് ആ കണ്ണിൽ  വെള്ളം നിറഞ്ഞു.  പിന്നെ ഞാനൊന്നും പറഞ്ഞില്ല.

എളേമ്മ ഒന്നും മറന്നിട്ടില്ല ഇപ്പോൾ ഈ കോവിഡ് 19 സമയത്ത് ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ ഓർത്ത്  മനസ്സിൽ ഒന്നു കൂടി വേദനിച്ചു കാണും.

അഭിപ്രായങ്ങളൊന്നുമില്ല: