കോട്ടക്കലങ്ങാടിയില്‍ നിന്നു വയനാട്ടിലെ കല്‍പ്പറ്റ ചന്തയിലെക്കു വെറ്റില കയറ്റി പോകുന്ന ഒരു ലോറിയില്‍ പ്രായം ചെന്ന ഒരു ഹാജ്യാര്.
പോകുന്ന വഴിക്കു ചാത്തമംഗലത്തെ റീജിനല്‍ എഞ്ചിനീയറിംഗ് കോളേജിലേക്കു തിരിയുന്നിടത്തു വണ്ടി നിര്‍ത്തിച്ചു.
"ജ്ജ് ആ മക്കാനി കേറി ഒരു ചായ കുടിച്ചോ മമ്മതേ! ഞാന്‍ ന്റെ പേരക്കുട്ടിക്കീ പൈസ കൊടുത്തിപ്പോ വരാട്ടോ!"
നീണ്ട വളഞ്ഞ കാലുള്ള നരച്ച കുടയെടുത്തു കക്ഷത്തു വെച്ചു, എഞ്ചിനീയറിംഗ് കോളേജിന്റെ അപരിചിതമായ വഴിയിലൂടെ അദ്ദേഹം വലിഞ്ഞു നടന്നു.
കോളേജിന്റെ ഗേറ്റില്‍ കണ്ട ഒരു പത്രാസുകാരനോടു ചോദിച്ചു.
"ന്റെ കുഞ്ഞിപ്പാന്റെ ക്ലാസ്സേതാ..?"
പത്രാസ്സുകാരന്‍ പരിഹാസത്തോടേ!
കുഞ്ഞിപ്പയോ?
അങ്ങനെ ഒരാളില്ലല്ലോ ഇവിടെ!.
"ശരിക്കുള്ള പേരെന്താ?"
പേരു "മൊയ്തീന് കുട്ടി"
"അങ്ങനെ പേരുള്ള ഒരാളും ഇവിടെ പഠിക്കുന്നില്ലട്ടോ!"
ഹാജ്യാരു നിരാശനായി. എങ്കിലും പ്രതീക്ഷ വിടാതെ പറഞ്ഞു.
" അല്ല! ഓന് ഇവിടെ തന്നെയാണു പഠിക്കുന്നത്."
"ഓനു ഇത്തി കായി കൊടുക്കാനാ.."
ഇന്നലെ ഓനു പഠിക്കാന്‍ എന്തോ കുന്ത്രാണ്ടം വാങ്ങണം ന്നും പറഞ്ഞു ഓന്റെ ഉമ്മാനോടു ചോയിച്ചപ്പോള്‍ ഓളടുത്ത് ഇല്ലാത്തതോണ്ട് ഓന് നെലോളിച്ചാ പെരീന്ന് പോന്നത്.
ഇന്നലെ ഓന്റെ ഉമ്മ അത് എന്നോടു പറഞ്ഞപ്പോ ഞാന്‍ ചന്തേക്ക് പോണ വഴി ആ പൈസീം കൊണ്ട് വന്നതാ..!
ഈ കാക്കക്കൂട്ടത്തിനെടെയീന്ന് ന്റെ കുട്ടിനെ ഒന്നു കണ്ടുപിടിക്കാന്‍ നിങ്ങളാരെങ്കിലും ഒന്ന് സഹായിക്കിന്‍!"
കരളലിവു തോന്നിയ ചില കുട്ടികളാണു പിന്നെ ആ ഹാജ്യാരെ സഹായിച്ചത്.
" പേരക്കുട്ടീന്റെ ഇനീഷ്യല്‍ പറയാമോ ഹാജ്യാരേ?"
" ഇനീസലെന്താണെന്നൊന്നും ഇനിക്കറീല്ല" .
"ഉല്പ്പം" മതാരി ന്നാ..!"
"ഓന്റെ ബാപ്പാന്റെ വീട്ടു പേരാ..ബാപ്പ പട്ടാളക്കാരനാ..."
"മതാരി" എന്ന ആ ഒറ്റ വാക്കു മതിയായിരുന്നു.
എം.കെ. മതാരിയെന്നു പറഞ്ഞാലേ ആ കോളേജില്‍ തന്റെ പേരക്കുട്ടിയെ അറിയൂ എന്നു ആ പാവം ഹാജ്യാര്‍ക്കു അറിയാമായിരുന്നില്ല.
പക്ഷെ എം.കെ. മതാരി എന്നു പറഞ്ഞാല്‍ തന്റെ പേരക്കുട്ടി അന്നു ആ കോളേജു മുഴുവനും പിന്നെ ഇന്നു കേരളം മുഴുവനും.
നാളെ അമേരിക്കയിലെ 44 മത്തെ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനു ക്ഷണിക്കപ്പെടാന്‍ മാത്രം പ്രാധാന്യമുള്ള ഒരു മലപ്പുറത്തുകാരന് ആയി മാറുമെന്നും ആ ഹാജിയാര്‍ക്കു അന്നറിയാമായിരുന്നില്ല.
ആര്. ഇ.സി യില്‍ നിന്നു ബി. എസ്.സി. സിവില്‍ എഞ്ചിനീയറിംഗില്‍ റാങ്കോടെ പുറത്തിറങ്ങിയ മൊയ്തീന് കുട്ടി മതാരിയുടെ അന്നത്തെ മാര്‍ക്കിന്റെ റിക്കാര്‍ഡു വര്‍ഷങ്ങളോളം ആര്‍ക്കും തകര്‍ക്കാനാവാതെ കിടന്നു.
ആര്. ഇ.സിയില്‍ ഈച്ചരവാര്യരുടെ മകന് "രാജന്റെ" സമകാലീനനായിരുന്നു.
യൂണിവേര്സിറ്റി ഓഫ് മിഷിഗണില്‍ നിന്നു കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗില്‍ എം. എസ്.സി.യും മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേര്സിറ്റിയില് നിന്നു സിവില്‍ എഞ്ചിനീയറിംഗില്‍ എം.എസും നേടിയ എം.കെ മതാരി 15 വര്‍ഷമായി അമേരിക്കന്‍ പൗരത്വത്തോടെ മിഷിഗണിലാണു താമസം.
ഇടക്കു കുറച്ചു വര്‍ഷം റിയാദിനും ദമാമിലുമായി സൗദി അറേബ്യന്‍ പ്രവാസ ജീവിതവും നയിച്ചിട്ടുണ്ട്.
മദ്രസാ പഠന കാലത്തു സമസ്തകേരള ജംഇയത്തുല്‍ ഉലമയുടെ പൊതു പരീക്ഷയില്‍ നേടിയ ആദ്യ റാങ്കു നിലവാരം പിന്നെ മിഷിഗണ്‍ യൂണിവേര്സിറ്റിയില് നിന്നു എം,എസു നേടുമ്പോള്‍ വരെ നിലനിര്‍ത്താനായി എന്നതാണിദ്ദേഹത്തിന്റെ അക്കാഡമിക് ഗ്രാഫിലെ പ്രത്യേകത.
വെറ്റില കയറ്റിയ ലോറി വഴിയോരത്തു നിര്‍ത്തി,
കഞ്ഞി മുക്കി ഇസ്തിരിയിട്ട കഞ്ചിപ്രാക്കിന്റെ ഉള്‍കീശയില്‍ ഭദ്രമായി മടക്കിയ ഉറുപ്പികയും വെച്ചു എഞ്ചിനീയറിംഗ് കോളേജിന്റെ കവാടത്തില്‍ കാത്തു നിന്നു പേരക്കുട്ടിയെ തെരഞ്ഞ ആ ഹാജ്യാരു എന്റെ കൂടി വല്യുപ്പയാണെന്നതും എം.കെ മതാരിയെന്ന ഈ മറുനാടന്‍ മലയാളി എന്റെ "കസിനാ"ണെന്നതും ഈ സുദിനം എനിക്കു കൂടി ആഹ്ലാദിക്കാനുള്ളതാണെന്ന തിരിച്ചറിവില്‍ ഈ പോസ്റ്റ് ഞാന്‍ കുഞ്ഞിപ്പാക്കു അഭിനന്ദനപത്രമായി അര്‍പ്പിക്കുന്നു.
എന്റെ ഉമ്മ ക്ഴിഞ്ഞാല് ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന എന്റെ വല്യമ്മായിയുടെ മൂത്ത പുത്രന്റെ ഉടമസ്ഥതയിലുള്ള "മിറാക്കിള്‍ ഗ്രൂപ് ഓഫ് കമ്പനിയില്‍ നിന്നു ആദ്യമായി ശമ്പളം പറ്റിയ ഒരു കണക്കപ്പിള്ളയുടെ നന്ദിയോടെ..!
ഒരിക്കല്‍ കൂടി ......!
അഭിമാനത്തോടെ ഉറക്കെ പറയട്ടെ!....!
"We are proud of you Kunhippa"
42490
20 അഭിപ്രായങ്ങൾ:
"ഒബാമയും ഞങ്ങളൂടെ കുഞ്ഞിപ്പയും"
അപ്പ നിങ്ങളും ആള് പുലിയന്നല്ലോ കരിം കാക്കാ...
എം.കെ മതാരിയെന്ന ഈ മറുനാടൻ മലയാളി എന്റെ "കസിനാ"ണെന്നതു അദ്ദേഹത്തിനൊരു ന്യൂനതയാവാതിരിക്കാട്ടെ!
കുഞ്ഞിപ്പ
ഞങ്ങള്‍ മലപ്പുറത്താര് പണ്ടേ പഠിക്കാന്‍ മുടുക്കാന്മാരാ..പക്സെ ഒരു കഷ്ട്പാടിന്റെ കഥയ്യുണ്ട് പുറകില്‍..ഒബാമക്കത് മനസ്സിലായിട്ടാ,,ഓന് പുലിയാന്നാ തോന്ന്ണെ..
ലോകത്തിന്റെ അപ്പുറത്ത് പോയി ഇത്രേം കേമനായ ഒരാള്‍ സ്വന്തം കൂട്ടക്കാരനാവുമ്പോ...
അതൊരു വമ്പ് തന്ന്യാ. ഇങ്ങട്യൊക്കെ സന്തോഷത്തില്‍ ഇമ്മളും കൂടുന്നു.
പ്രിയ കരീം മാഷ്,
ഈ കുറിപ്പ് തൂലിക മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ താല്പര്യം. ഉടന്‍ പ്രതികരിക്കുമല്ലോ....
പ്രതികരിച്ചവര്‍ക്കെല്ലാം നന്ദി :)
ശരീഫ് സാഗര്‍, ഞാന്‍ മെയില്‍ അയച്ചിട്ടുണ്ട്. നോക്കുമല്ലോ?
സന്തോഷം തോന്നുന്നു,
ഒപ്പം അഭിമാനവും.
ഇത് ഇരുമ്പുഴിക്കു മാത്രമല്ല,
കേരളത്തിന്റെ,ഇന്ത്യയുടെ കൂടി
അഭിമാനമാണ്.
ആ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. കൂടെ അവസരോചിതമായ ഈ പോസ്റ്റിന്
കരീം മാസ്റ്റര്‍ക്ക് നന്ദിയും.
കുഞ്ഞിപ്പാക്കാ ആ ഇന്‍സ്ട്രമെന്റ് ബോക്സിന്റെ തിളക്കത്തെക്കാള്‍ ഇപ്പോള്‍ എന്റെ കണ്ണില്‍ ഒരിറ്റു കണ്ണീരിന്റെ നനവില്‍ തെളിയുന്ന വെളിച്ചമാണ്.
എന്റെ ബ്ലോഗു വായനക്കാര്‍ക്കു പ്രയോജനവും പ്രചോദനവുമാവാന്‍ ഈ ഈമെയില്‍ ഇവിടെ കോപ്പി ചെയ്തതില്‍ വിഷമിക്കില്ലന്നു കരുതുന്നു.
പ്രാര്‍ത്ഥയോടെ!
Subject: Reagrding Your Blog Writing
Date: Wed, 28 Jan 2009 21:32:34 -0500
Dear Kareem,
Your Writing was very touching. I still remember that incident as it happened yesterday. I still remember Him coming to our class with two of our seniors. One of them had ragged me the day before. It was the second period of the morning session. The professor was demonstrating the relationship between force and reaction when suddenly Bappu appeared at the doorway! The three storey building, where our class was held at that time, was on the far end of the campus. It was a long walk from the main entrance. I got out of the class and we talked standing in the veranda itself. I could not take him to our hostel, as I had a class test and he did not have much time. I had to buy an Instrument Box for the Geometrical Drawing class. I was a bit tight with my "finances" at that time. I was still waiting for my Merit Scholarship and MES Scholarship to get approved for paying the previous month's mess and hostel dues. Even though, I told Bappu that I can wait some more time, he wanted me to buy the instrument box immediately! Two days later, I went to my Geometrical Drawing class with my new Instrument Box. I still remember the shining of the precision compass made of pure steel!
Thanks for publishing it in your blog :)
I also read the comments from your friends. Keep in touch.
We all worked very hard to get Obama elected. Finally, we have a new president with a completely different world view from that of his predecessor. We all are very excited. The invitation was really a surprise present for me!
With love and regards,
Kunhippa.
http://mathari.com
നന്നായി... ഈ പോസ്റ്റും ആ നാളുകള്‍ ഓറ്ത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ കത്തും...
ഓടോ: അന്വേഷിച്ച് വരുമ്പോഴേ എല്ലാം കാണൂ എന്നായിരിക്കുന്നൂ
It is great! Touching and inspiring. Thank you for sharing.
അഭിമാനവും സന്തോഷവും കൊണ്ട് കണ്ണ് നിറയുന്നു,,,
മാഷെ നിങ്ങളെ വല്ല്യാപ്പ ഇപ്പൊ ജീവിചിരിപ്പുണ്ടോ???
കുഞ്ഞിപ്പയെ കാണുന്നതിനുമുമ്പ് ആ മഹാ മനുഷ്യനെ കാണാന്‍ കൊതിയുണ്ട്....!!
വീണ്ടും എന്റെ സുഹൃത്തുക്കൾക്ക്.
വായനക്കും പ്രതികരണത്തിനും നന്ദി.
ഡിയർ, ആർ.ബി.
ആ വല്യുപ്പ ഇന്നില്ല.
പക്ഷെ വല്യുപ്പയെക്കുറിച്ചുള്ള ഓർമ്മകളാണു ദുനിയാവിന്റെ പലഭാഗത്തു ജീവിക്കുന്ന ഞങ്ങളെ ഇന്നും ചേർത്തു നിർത്തുന്നത്.
പൊഴിഞ്ഞു വീഴുന്നൊരു ദിനത്തിന്റെ സൗന്ദര്യം അവസാനമായി ഒന്നു കൂടി നുകരാൻ
എല്ലാ സന്ധ്യകളിലും മഗ്രിബിനും ഇശക്കുമിടയിൽ,
മുല്ലവള്ളിയും പിച്ചകവും പടർന്നു കയറിയ മുറ്റത്തെ സപ്പോട്ടമരത്തിനു കീഴിൽ..!
നിലത്തു വിരിച്ച തെങ്ങോലത്തടുക്കിന്റെ മുകളിലിട്ട തൂവെള്ളത്തുണിവിരിച്ച കോസടിയിൽ
മലർന്നു കിടക്കുന്ന വല്യുപ്പാന്റെ തോളിനിരുവശത്തുമായിരുന്നു കാതോർത്ത ഞങ്ങൾക്കു
കഥകളിലൂടെയും അനുഭവങ്ങളിലൂടെയും പകർന്നു തന്ന അസംഖ്യം സാരോപദേശങ്ങളുടെ ഓർമ്മകൾ.
കറുത്തിരുളുന്ന മാനത്തേക്കറ്റമില്ലാതെ നോക്കിയാശങ്കപ്പെടുന്ന
തന്റെ കുട്ടികളുടെ പേടിയകറ്റാൻ,
തിളക്കം കൂടി വരുന്ന നക്ഷത്രങ്ങളെ ചൂണ്ടിക്കാട്ടി,
എല്ലാ ഇരുട്ടിനപ്പുറത്തും ഒരു വെളിച്ചമുണ്ടാവുമെന്നും,
ലോകം ഇരുട്ടിലമരുമ്പോൾ, നിരാശ്രയർക്കു ദിശയും പ്രതീക്ഷയും നൽകാൻ നക്ഷത്രങ്ങൾ തെളിയുമെന്നും പഠിപ്പിച്ച വല്യുപ്പ!
Every action there must be an equel and opposite reaction എന്ന ന്യൂട്ടന്റെ തിയറിയുടെ വഴിക്കു പഠനത്തെ തിരിച്ചു വിട്ടവരും,
Every "Debit" there must be and equel "Credit" to complete the Transaction എന്ന അക്കൗണ്ടൻസിയിലേക്കു വിജ്ഞാന സമ്പാദനത്തെ വഴിതിരിച്ചു വിട്ടവരും,
എല്ലാത്തിനും അനിവാര്യമായ ഊർജ്ജം നേടിയതു വല്യുപ്പ സദാ സമയവും ഉപദേശിച്ചിരുന്ന "ഇന്ന മഹൽ യുസ്രി യുസ്റാ.. ( എല്ലാ കാഠിന്യങ്ങൾക്കും പിറകെ ഒരു ലാളിത്യമുണ്ട്) എന്ന വിശുദ്ധ വാക്യത്തിന്റെ പിൻബലം തന്നെയായിരുന്നു
താങ്കളുടെ പോസ്റ്റും ആദരണീയനായ കുഞ്ഞിപ്പയുടെ മെയിലും വായനക്കാരുടെ കമെന്റുകളും നിറഞ്ഞ സന്തോഷത്തോടെ വായിച്ചു.
മനസ്സ് നിറഞ്ഞു.
മാഷേ...
ഖല്ബില് തട്ടി ങ്ങടെ വല്യുപ്പയും, കുഞ്ഞിപ്പയും..
നേരില്‍ അറിയില്ലെങ്കിലും കുഞ്ഞിപ്പയ്ക്കൊരു സലാം..
പ്രിയപ്പെട്ട കരിം..!
ബ്ലോഗില്‍ അല്ലാതെ വേറെവിടെയാണ് ഇതുപോലൊന്ന് കാണുവാന്‍ പറ്റുക.വല്ല്യാപ്പ:ഇതുപോലത്തെ മനുഷ്യരാണ് എല്ലാ വിജയങ്ങളുടെയും പുറകില്‍.ഇതേ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു കുട്ടിയല്ലെ രാജന്.അവനും ജീവിച്ചിരുന്നെങ്കില്‍ എവിടെ വരെ എത്തുമായിരുന്നു,അല്ലെ..?ആ ജീവനാളത്തെ ഇല്ലാതാക്കിയ നരാധമന്മാരിലൊരുത്തന് നൂറാമത്തെ വയസ്സിലും അധികാരം സ്വപ്നം കണ്ട് അധികാരത്തിന്റെ ഇടനാഴികകളില്‍ തെണ്ടുന്നു.$*%*&**%**^!
നീതിക്കു വേണ്ടി ജീവിതം മുഴുവന്‍ അലഞ്ഞ ഒരു അച്ചന്, ഒരു പാവം മാഷ്,വേറൊരു ‘വല്ല്യാപ്പ’,ഈച്ചര വാര്യര്‍......ഓരോ മലയാളിയുടേയും മനസ്സില്‍ കുറ്റബോധത്തിറ്റെ നീറ്റലുണ്ടാക്കിയതും ഇതേ എഞ്ജിനീയറിങ്ങ് കോളേജുതന്നെയല്ലെ..?
എന്റെ ജ്യേഷ്ടന് മുഹിയുദ്ദീന് രാജന്റെയും മതാരിയുടേയും ഒരു കൊല്ലം സീനിയറായി അവിടെ പഠിച്ചിരുന്നു.ഒരിക്കല്‍ കോളേജില്‍ നിന്നും വീട്ടിലേക്കൊരു ടെലിഗ്രാം വന്നു.കിട്ടിയത് എന്റെ കയ്യിലാണ്, വാപ്പിച്ചി അന്നു stroke വന്ന് തീരെ സുഖം ഇല്ലാതെ ഇരിക്കുകയാണ് .
"your ward creating trouble in college.." എന്നു തുടങ്ങുന്ന ടെലിഗ്രാം.വാപ്പയെ അറിയിക്കാതെ ഞാന്‍ REC-യിലേക്കു പുറപ്പെട്ടു, ഗാര്ഡിയനായിട്ട്.ഞാന്‍ അന്ന് പ്രീഡിഗ്രീക്കു പഠിക്കുകയായിരുന്നു എന്നാണ് ഓര്‍മ്മ.പ്രിന്‍സിപ്പലിന്റെ മുറിയില്‍ ചെന്ന് അന്വേഷിച്ചു.വിവരം അറിഞ്ഞപ്പോള്‍ ചിരിച്ചുപോയി.കമ്മൂണിസ്റ്റു അനുഭാവി ആയിരുന്ന ഇക്ക ക്ലാസ്സില്‍ രാഷ്ട്രീയ പ്രസംഗം നടത്തിയതുകൊണ്ടാണത്രെ ടെലിഗ്രാം അടിച്ചത്.ബഹാവുദ്ദീന്‍ മാഷായിരുന്നു അന്ന് പ്രിന്‍സിപ്പല്‍ എന്നാണ് ഓര്‍മ്മ.മാഷോടു ചോദിച്ചു,ഇത്ര കടുത്ത ഭാഷയില്‍ ഒരു ടെലിഗ്രാം എന്റെ വാപ്പയുടെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്താകുമായിരുന്നു വാപ്പക്കുണ്ടാകുക എന്ന്.അതു കൊണ്ടാണ് ഞാന്‍ വന്നത് എന്നും.വിവരങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം പയ്യനായിരുന്ന എന്നോട് മാപ്പ് ചോദിക്കുകയായിരുന്നു..!
കരീമെ നിന്റെ ഈ പോസ്റ്റ് ഉള്ളിലെവിടെയൊ വിങ്ങലുണ്ടാക്കി.....അതുകൊണ്ട് മാത്രം ഇത്രയും.
പള്ളിക്കരയില്‍, കിച്ചു,ഷംസുക്കാ ..! അഭിപ്രായത്തിനു നന്ദി
ആര്. ഇ. സി യിലെ അനുഭവം എഴുതിയത് സന്ദര്‍ഭോചിതമായി.
"നീതിക്കു വേണ്ടി ജീവിതം മുഴുവന്‍ അലഞ്ഞ ഒരു അച്ചന്, ഒരു പാവം മാഷ്,വേറൊരു ‘വല്ല്യാപ്പ’,ഈച്ചര വാര്യര്‍......"
"ഓരോ മലയാളിയുടേയും മനസ്സില്‍ കുറ്റബോധത്തിറ്റെ നീറ്റലുണ്ടാക്കിയ"
ഇതേ വാചകം മനസ്സില്‍ നിന്നു പോകുന്നില്ല.
നാം എത്രകാലം ആ കുറ്റബോധം പേരണമ് .
ഉഗ്രൻ പോസ്റ്റ്... കലക്കി
ശരീഫ് സാഗര്‍
ഫെബ്രവരി ലക്കം തൂലിക കിട്ടി.
അതിൽ പ്രസിദ്ധീകരിച്ച
(ഒബാമയും ഞങ്ങളുടെ കുഞ്ഞിപ്പയും, വെള്ളാരംകല്ലുകളും റൂഹനിയും)
കണ്ടു.
നന്ദി.
(അക്ഷരത്തെറ്റുകളും വരി മുറിച്ചിലുകളും ഒഴിവാക്കാമായിരുന്നു. ചിത്രങ്ങൾ ചേർത്തതു ഉചിതമായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ