മരുഭൂമിയിലെ മണല്‍ത്തരികളോരോന്നിനെയും ഊതിയൂതി തീപെരുപ്പിക്കുന്ന അര്‍ക്കന്‍,
താണിറങ്ങിയ കുളമ്പിനടിയിലെ മൃദുലമായ കാല്‍ സഞ്ചികളെ ഒന്നിനു പിറകെ മറ്റൊന്നായി
പ്രയാസത്തോടെ പറിച്ചെടുത്തു കൊണ്ടുള്ള കാതങ്ങളോളം നീണ്ട അലച്ചില്.
മുതുകിലെ പൂഞ്ഞയില്‍ സംഭരിച്ച കുടിനീരിന്റെ അടി വറ്റി.
ഇനി തിരിയിട്ടു നനച്ചെടുക്കാന്‍ പോലുമൊട്ടുമില്ലാത്ത വിധം വരള്‍ച്ച.
പഴുത്തുരുകിയ സൂര്യന്‍ കടലിലിറ്റു വീഴുന്നതു കാണ്‍വേ,
നടന്നു നടന്നാ കാലുകള്‍ ഒടിഞ്ഞു തൂങ്ങുന്നതിന്നും മുന്നെ,
ഇടിഞ്ഞു വീഴാന്‍ ഒരുങ്ങി നില്‍ക്കുന്ന തന്റെ ആലയം ദൂരെ നിന്നേ കണ്ടു
ധൃതികൂട്ടിയ നെഞ്ചിന്റെ നിര്‍വൃതിയിലായിരുന്നു ജമല്‍.
ഒന്നിരുണ്ടു വെളുക്കുന്നതു വരെ വിശ്രമിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്നെ കണ്ടെത്തിയ ഈ കൂടാരം,
കൂടാരത്തിനു വിസ്താരം വളരെക്കുറവ്.
കാലൊന്നു നീട്ടിവെച്ചാല്‍ കഴുത്തു ചുരുട്ടിവെക്കണം.
എങ്കിലും തന്റേതെന്നു പറയാന്‍ ഇതെങ്കിലുമുണ്ടല്ലോ!
വര്‍ഷങ്ങളായി ഇതെന്റെ മാത്രം സ്വന്തം!.
സകലതും മറന്നൊന്നുറങ്ങാന്‍ ഉടലൊന്നു ചായ്ച്ചു,
പതിയെ കാലൊന്നു നീട്ടി.
ഒന്നു കണ്ണു ചിമ്മിയതേയുള്ളൂ!
പുറത്തൊരു കാല്‍പ്പെരുമാറ്റവും തൊണ്ടയനക്കലും.
കൂടെ ഒരു ദയനീയമായ വിളിയും.
"യാ ജമല്‍",
"മരുഭൂമിയിലെ കപ്പലേ!"
"കരുണയുടെ മൃഗയത്ത്വമേ!"
"അറബികളൂടെ പ്രിയതോഴാ!"
"ഞാന്‍ ഈ ടെന്റിന്റെ ഓരത്തു നിന്നോട്ടെയോ?!"
"പുറത്തു മഞ്ഞും കൊടിയ തണുപ്പും!"
പ്രശംസകള്‍ കേട്ടു ജമലിനു കോരിത്തരിപ്പുണ്ടായി.
വിരി പാതി പൊക്കി ജമലിന്റെ മുഖപ്രസാദം വായിച്ച അറബി
മറ്റൊരനുവാദത്തിനു കാത്തു നില്‍ക്കാതെ ഭാണ്ഡമിറക്കി
കമ്പളം വിരിച്ചവിടെ പുറത്തു കിടന്നു.
തണുത്ത കാറ്റു കൂടാരത്തിനകത്തേക്കു വീശിയപ്പോഴാണു ജമല്‍ തലയുയര്‍ത്തി നോക്കിയത്.
പുറത്തെ മനുഷ്യന്‍ അനുവാദം പോലും ചോദിക്കാതെ കൂടാരത്തിനകത്തു ഇഴഞ്ഞു കയറുന്നു.
തണുപ്പടിച്ചയാളുടെ താടിയെല്ലുകള്‍ കൊട്ടിവിറക്കുന്നു.
പാവം തോന്നി.
കാലുകള്‍ കൂടുതല്‍ ഒതുക്കി വെച്ചയാള്‍ക്കു ഇടം ഉണ്ടാക്കിക്കൊടുത്തു.
പിന്നെ അയാള്‍ പുറത്തു വെച്ചിരിക്കുന്ന ഭാണ്ഡം വലിച്ചകത്തേക്കു കയറ്റി.
ഇടം പോരെന്നു തോന്നിയപ്പോള്‍ അയാള്‍ ജമലിന്റെ കാലുകള്‍ തള്ളി നീക്കി ഇടമുണ്ടാക്കി.
ഉറക്കം നഷ്ടപ്പെട്ട ജമല്‍ നീരസത്തോടെ നോക്കി.
ആ നോട്ടം ഇഷ്ടപ്പെടാത്ത അറബി ജമലിനെ കണ്ണുരുട്ടി കാണിച്ചു.
എന്നിട്ടും പേടിക്കാതിരുന്നപ്പോള്‍ അയാള്‍ ഭാണ്ഡം തുറന്നൊരു ചാട്ടവാറെടുത്തു.
പ്രതിഷേധിക്കാന്‍ ഒരുങ്ങുകയായിരുന്ന ജമലിന്റെ മുതുകില്‍ ചാട്ടവാറടി വന്നു വീണപ്പോള്‍ അവന്‍ കരഞ്ഞു.
ഒട്ടകത്തിന്റെ കീറല്‍ കാതിനു സഹിക്കാന്‍ കഴിയാതായപ്പോള്‍അറബി ചാട്ടവാര്‍ അവിടെയിട്ടു പകരം മൂര്‍ച്ചയുള്ള കത്തിയെടുത്തെണീറ്റു.
അപ്പോഴേക്കും ജമല്‍ പ്രാണഭയത്താല്‍കൊണ്ടു കൂടാരം വിട്ടോടി.
ഒട്ടകത്തിനെ ഓടിച്ചു വിട്ട അറബി പിന്നെ ശാന്തനായി.
കമ്പളം നീട്ടി വിരിച്ചു,
കാലു നീട്ടിയിരുന്നു,
കാവയുണ്ടാക്കി കുടിച്ചു.
ഭാണ്ഡത്തില്‍ നിന്നും താന്‍ പുതുതായിപ്പണിയുന്ന കുറേ അംബരചുംബികളുടെ പ്ലാന്‍ എടുത്തു നിവര്‍ത്തി പഠിച്ചു.
പിന്നെ അതൊക്കെ സാക്ഷാല്‍ക്കരിച്ച ശേഷം അവക്കിടയിലെ പാര്‍ക്കിലൊരു സിമെന്റു ബെഞ്ചിലിരുന്നയാള്‍ നെടുവീര്‍പ്പിട്ടു.
"മരുഭുമിയിലെ കപ്പല്‍!"
"ജമല്‍, നീയെന്റെ നൊസ്റ്റാള്‍ജിയയാണ്!!"
"ഈ കഥ ചിത്ര സഹിതം ഇവിടെ”
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ