മലപ്പുറം ജില്ലയിലെ മഞ്ചേരിക്കു തൊട്ടടുത്ത ഇരുമ്പുഴി എന്ന എന്റെ ഗ്രാമത്തില്‍,
വര്‍ഷങ്ങള്‍ക്കു മുമ്പു നടത്തിയ ഒരു കൗമാരകാല കുസൃതിയുടെ നിറം മങ്ങിത്തുടങ്ങിയ ഓര്‍മകളില്‍,
ഇത്തിരി മാത്രം ചായം ചേര്‍ത്തു ഞാന്‍ എന്റെ കഥ പറയാം.
എഴുതിയ ടെസ്റ്റുകളുടെ റിസള്‍ട്ടും അതേ തുടര്‍ന്ന് അപ്പോയ്മെന്റ് ഓര്‍ഡറും പോസ്റ്റ്മാന് വഴി ഞങ്ങളിലോരോരുത്തര്ക്കും ജീവിതവിപ്ലവം സമ്മാനിക്കുമെന്ന് വൃഥാ മോഹിച്ചിരുന്ന കാലം.......
"അക്ഷര" യില്‍ നിന്നാവട്ടെ തുടക്കം,
അക്ഷര ഞങ്ങളുടെ എല്ലാമായിരുന്നു.
സാമ്പത്തിക സ്രോതസും,സംവാദ കേന്ദ്രവും,കലാസാംസ്കാരിക, രാഷ്ടീയ, സാമൂഹിക, മതപ്രവര്‍ത്തന മേഖലയും മാത്രമല്ല അതിലുപരി മറ്റ് എന്തൊക്കെയോ ആയിരുന്നു.
ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള സ്വയംതൊഴില്‍ കണ്ടെത്തിയ ഒരുപറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് അക്ഷര. അംഗങ്ങളെ പരിചയപ്പെടുത്താം
വിജയരാജന്‍. വി.വി.അഷ്റഫ് എ.സി.കരീം കെ.വി.എം.കുട്ടി.ഹംസവലിയാടന്, എ.പി. അഷ്റഫ് കെ.എം.എ.ലത്തീഫ്.ഹബീബ്റഹ്മാന്‍ അബ്ദുല്‍ കരീം തോണിക്കടവത്തെന്ന ഈ ഞാനും അക്ഷരയുടെ പ്രധാന പങ്കാളികള്‍.
തനിച്ചു കണ്ടെത്തിയവ പരസ്പരം പങ്കിട്ടും,
ചാരുതയാര്ന്നതെല്ലാം ചര്‍ച്ചചെയ്തും
കവിതകള്‍ ഈണത്തില്‍ ചൊല്ലിയും വിശകലനം ചെയ്തും,
ഞങ്ങളുടെ കൗമാരകാലം കാമ്പുളളതാക്കി.
സിനിമാ,നാടക,പുസ്തക,റേഡിയോ പ്രക്ഷേപണങ്ങളെക്കുറിച്ചു കാലികമായി സംവേദിക്കുകയും
സൗമ്യതര്ക്കങ്ങള് നടത്തിയുമാണ് ഞങ്ങളുടെ സായാഹ്നം ധന്യമാക്കിയിരുന്നത്.
ഒ.എന്‍.വിയും ബാലചന്ദ്രന് ചുള്ളിക്കാടും അയ്യപ്പപണിക്കരും സച്ചിദാനന്ദനും കമലാദാസും മലയാറ്റുരും സി.രാധാകൃഷ്ണനും ഏം.ടിയും പത്മരാജനും ഭരതനും അടൂരും അരവിന്ദനും ഭാഗ്യരാജും കെ.ജി.ജോര്‍ജും കമലഹാസനും നസീറുദ്ദീന്‍ ഷായും തിലകനും ജഗതിയും എല്ലാം ഞങ്ങളുടെ സര്‍വ്വസമ്മതരായ ഇഷ്ട വ്യക്തിത്വങ്ങള്‍.
പക്ഷെ, സ്പോര്‍ട്സില്‍ ഭിന്നരുചിക്കാരായിരുന്നു.
പ്രത്യേകിച്ച് ക്രിക്കറ്റില്‍.
അനുകൂലികളും പ്രതികൂലികളും എണ്ണത്തില്‍ സമാസമം.
അതിനാല്‍ ക്രിക്കറ്റ് വിഷയമായി ഡിബേറ്റ് വരുന്നദിവസം ആരും ജയിക്കാറില്ല.
പിറ്റെന്നേക്ക് പുതിയ നമ്പറും കൊണ്ടു വരാന്‍ ക്രിക്കറ്റ് വിരോധികള്‍ വരെ പത്രങ്ങളില്‍ സ്പോര്‍ട്സ് പേജ് അരിച്ചുപെറുക്കാന്‍ തുടങ്ങി.
രാഷ്ട്രനന്മക്കും പുരോഗതിക്കും വേണ്ടി ചിന്തിക്കേണ്ട യുവമസ്തിഷ്ക്കങ്ങളെ, ഇംഗ്ലണ്ടിലെ ആട്ടിടയന്മാര് തണുപ്പകറ്റാനും വെയിലുകൊളളാനും കളിച്ച ബാലിശമായ കുട്ടിയും കോലും കളിയില്‍ തളച്ചിടേണ്ടത് ഭരണവര്‍ഗത്തിന്റെ ആവശ്യമാണെന്നും, അതിചൂടും,മഴയുമുളള നാടുകളില്‍ അശാസ്ത്രീയമായ കളിയാണ് ക്രിക്കറ്റെന്നും ഒരുകൂട്ടര്‍ വീറോടെ വാദിക്കുമ്പോള്‍ മറുഭാഗത്തിന് ക്രിക്കറ്റ് ഉണര്‍ത്തുന്ന ദേശീയബോധത്തിന്റെയും, സ്പോര്‍ട്സ് ഫീല്‍ഡില്‍ ഇന്ത്യയുടെ ഏക അഭിമാനമായ ക്രിക്കറ്റ്, ഉരുണ്ടുകൂടിയ ഒരു ഇന്ത്യ പാക് യുദ്ധങ്ങളെ പലതവണ ക്രിക്കറ്റ് തട്ടിയകറ്റി എന്ന കഥയും പറയാനുണ്ട്.
ആയിടക്കാണ് മലയാള മനോരമ സപ്ലിമെന്റില്‍ അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വെഗ്സര്ക്കാരെകുറിച്ച് ഒരു സചിത്ര ലേഖനം വന്നത്. അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങളും ഇഷ്ടഭോജ്യവും വര്‍ണ്ണിച്ചെഴുതിയതു വായിച്ചു കലികേറിയ എ.സി.കരീം എന്ന മുഖ്യക്രിക്കറ്റ് വിരോധി ഞങ്ങളെ അറിയിക്കാതെ മനോരമയുടെ കത്തുകളിലേക്ക് തീഷ്ണമായ ഒരു പ്രതികരണമയച്ചു.
അതു പബ്ലിഷ് ചെയ്ത പത്രവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇഷ്ടന്റെ അടുത്ത സായാഹ്നസംവാദ ഉദ്ഘാടനം.
ഗവണ്മെന്റും ഫോര്‍ത്ത് എസ്റ്റേറ്റും ഈ ഭ്രാന്തന് കളിക്ക് കുരങ്ങന് ഏണി വെച്ചുകൊടുക്കുന്നു എന്നും. അസറുദ്ദീന്റെ അമ്മായിക്ക് ചേമ്പു പുഴുങ്ങിയത് ഇഷ്ടമാണോന്ന് അന്വേഷിച്ച് എഴുതാന്‍ പത്രക്കാരുണ്ടെന്നും തൊഴിലില്ലാത്ത ഇന്ത്യന്‍ യുവത്വത്തിന്റെ കാതലായ പ്രശ്നം ഇതൊന്നുമല്ലന്ന് പച്ചയായി എഴുതിയ ആ കത്ത് ഞങ്ങളെ ഒരുപാടു നാണം കെടുത്തി.
എനിക്കിനി തീരെ സമയമില്ലന്നും മുഴുവന്‍ സമയം തൂലിക പടവാളാക്കുകയാണെന്നും ഇടക്കിടെ അവനില്‍ നിന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ ക്രിക്കറ്റനുകൂലികള് പകരം വീട്ടാന്‍ പതിയിരുന്നു.
ഒരാഴ്ച കഴിഞ്ഞ് ലേഖകന്‍ മലയാള മനോരമയുടെ ഒരു മെയിലു വന്നു. പോസ്റ്റാഫീസു വഴി വിപ്ലവം സ്വപ്നം കണ്ടിരുന്ന കാലമായതിനാല്‍ കത്തെഴുത്തും വായിക്കലുമെല്ലാം അക്ഷരയില്‍ വെച്ചു തന്നെയായിരുന്നു.
ലേഖകന്‍ കവറു പൊട്ടിച്ചു കത്തു ആകാംക്ഷയോടെ പുറത്തെടുത്തു
മനോരമയുടെ റോയല്‍ ലറ്റര്‍ പാഡില്‍ ഇംഗ്ലീഷില്‍ പ്രിന്റ് ചെയ്ത ചീഫ് എഡിറ്റര്‍ തന്നെ ഒപ്പിട്ട ഒരു കത്ത്.
ലേഖകന്‍ സമ്മൃശ്ര വികാരങ്ങള്‍ അനുഭവിച്ച് കൊണ്ട് കത്തു വായിക്കുകയാണ്.
കത്തു വായിച്ചുകഴിഞ്ഞതും ലേഖകന്‍ കസേരയില്‍ തളര്‍ന്നു വീണു. വിളറിവെളുത്ത മുഖത്ത് സംഭ്രമത്തിന്റെ ആകുലത പരക്കുന്നതും ഉള്ളില്‍ ആസ്വദിച്ച് ഞങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ ചിരി വിദഗ്ധമായി ഒളിപ്പിച്ച് ഒന്നുമറിയാത്തപോലെ ലേഖകനോട് ചോദിച്ചു.
എന്താ...മനോരമയില്‍ നിന്ന് അപ്പോയ്ന്റ്മെന്റ് ഓര്‍ഡര്‍ വന്നോ?
അവന് തളര്‍ന്ന മനസോടെ, കത്തു നീട്ടി.
അതില്‍ ഞങ്ങള്‍ക്ക് അറിയാത്തതായി ഒന്നുമുണ്ടായിരുന്നില്ലങ്കിലും നന്നായി നടിച്ചു വായിച്ചു.
Dear Mr.Abdul Kareem.A.C.
First of all thank you for your article which we already published in the Malayala manorama daily “kattukal”.
We regret to inform you that after publishing this letter we received a lot of response from many Cricket Lovers against your letter and out of this, we found a very most important two Complaints, one from Cricket control Board of India and the other from Indian cricket council.
As a reply to their letter, we already informed that the responsibility of the content in the article published in “Kattukal “ will be held in writers only and we are only publishers and we will never undertake any responsibility of letters from readers.
So You have the full right to fight alone, against these Organizations and you can select any one of the jurisdictions to proceed your legal formalities either from New Delhi or Bombay area.
Wish you all the best in your legal fighting.
പിന്നീട് രണ്ടുമൂന്നു ദിവസത്തേക്ക് ലേഖകനെ അക്ഷരയില്‍ കാണാത്തപ്പോള്‍ ഞങ്ങള്‍ വല്ലാതെ പേടിച്ചുപോയി
ഈ കത്തു വന്നതിനുശേഷം നമ്മുടെ ലേഖകന്‍ പരിചയക്കാരനായ ഒരു വക്കീലിനെ കണ്ട വിവരം ഞങ്ങള്‍ മണത്തറിഞ്ഞു.
കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നതിന്ന് മുമ്പ് ഞങ്ങള്‍ ലേഖകനോടു കുമ്പസാരം നടത്തി. മനോരമയുടെ ലെറ്റര്‍പാഡും കത്തും ഞങ്ങള്‍ കംപ്യൂട്ടറില്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഭയപ്പെടാനൊന്നുമില്ലന്നും പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോള്‍ ലേഖകന്റെ പേടി പമ്പ കടന്നു.
പക്ഷെ അവന് ഇതിനകം കത്തിന്റെ കോപ്പി വക്കീലിന്ന് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞതു കേട്ടപ്പോള്‍ പമ്പക്കക്കരെ കടന്നു പോയ പേടി തിരിച്ചു വന്നു ഞങ്ങളുടെ ഉള്ളില്‍ കയറിക്കൂടി.
കാരണം, ലെറ്റര്‍ ഫോര്‍ജ് ചെയ്ത കുറ്റത്തിന് മനോരമ നിശ്ചയിക്കുന്ന കോടതിയില്‍ കേസുകെട്ടും കൊണ്ട് നടക്കുന്ന മനോദൃശ്യം മനസ്സിനെ ഒരുപാടലട്ടി.
ഇതു കൂറേക്കാലം ഞങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു.
പക്ഷെ ക്രിക്കറ്റ് പ്രേമികള്‍ കൂട്ടത്തോടെ ഗള്‍ഫു രാജ്യങ്ങളിലേക്കു ചേക്കേറിയപ്പോള്‍ ആ പേടി അറേബ്യന്‍ കടലു നീന്താനാവാതെ
കരക്കു കാത്തിപ്പാണ്.
കാരണം ഇന്ത്യയും ഗള്‍ഫു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ തുടങ്ങിട്ടില്ലല്ലോ.................
രക്ഷപ്പെട്ടു.
കരീംമാഷ് തോണിക്കടവത്ത്.
അത്തിക്കുര്‍ശി said...
മാഷെ,ഞാനും ഒരു മാഷായിരുന്നു! പെരിന്തല്‍മണ്ണ പ്രതിഭയില്‍..ഇതുവായിച്ചപ്പൊള്‍ പഴയ കൂട്ടുകാരും ഓര്‍മ്മകളും ഓടിയെത്തി.. ഇതുപൊലെ ഒരക്കിടിയില്‍ ഞാനും കുടുങ്ങിയിട്ടുണ്ട്..കൊള്ളാം..മുമ്പെഴുതിയതെല്ലാം വായിച്ചിട്ടുണ്ടു് നല്ല രചനകളാണ്. തുടരുക!!
03 August, 2006
കലേഷ് കുമാര്‍ said...
കൊള്ളാം കരീം ഭായ്!
03 August, 2006
ബിരിയാണിക്കുട്ടി said...
ഹ ഹ ഹ.. പാവം പാവം രാജകുമാരന് എന്ന സിനിമയില്‍ എല്ലാവരും ചേര്‍ന്ന് കത്തെഴുതി ശ്രീനിവാസനെ ഒരു വഴിക്കാക്കുന്നത് ഓര്‍ത്തു പോയി. :)
03 August, 2006
കരീം മാഷ് said...
ആ കത്തു കാട്ടി ആ മാഷു ഇപ്പോഴും എന്നെ ബ്ലാക്കു മെയിലു ചെയ്യാറുണ്ട്.
07 August, 2006
Adithyan said...
ഹഹഹ... ഇതു കൊള്ളാം കരീം മാഷേ... :)പണ്ട് ഞാനൊക്കെ കൂടി ഒരു കൂട്ടുകാരന് ഇതേ മാതിരി ഒരു കള്ള പ്രണയലേഖനം കൊടുത്തിട്ടുണ്ട്. അതിന്റെ പേരിലുണ്ടായ പുകിലുകള് ഓര്‍ത്തിട്ട് ഇപ്പൊഴും ചിരി വരുന്നു. അന്നു വൈകിട്ട് അവന് പകുതി കുടിച്ച ഒരു ക്വാര്‍ട്ടര്‍ കുപ്പി മേശയില്‍ അടിച്ചു പൊട്ടിച്ചിട്ട് ‘ഡാാാ, ഇപ്പൊ പൊട്ടിച്ചിതറിയത് ഈ കുപ്പി അല്ലെടാ, എന്റെ ഹൃദയമാഡാാ” എന്നൊക്കെ അലറിയതും ;))
08 August, 2006
ഇത്തിരിവെട്ടംIthiri said...
കരീം മാഷെ അസ്സലായി..
08 August, 2006
കുറുമാന് said...
മാഷെ ഇത് ഇപ്പോഴാ വായിച്ചത്. തരികിട പരിപാടികള്‍ പണ്ടേ കയ്യിലുണ്ടല്ലെ?നന്നായിട്ടുണ്ട്.
08 August, 2006
http://tkkareem.blogspot.com/
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
നല്ല അനുഭവം!
കൊള്ളാം.
ഇതിപ്പോഴാണ് വായിക്കാന്‍ പറ്റിയത്..വളരെ സറ്റയറിക്കലായി എഴുതാന്‍ കഴിഞ്ഞു.
കെ എം ലതീഫ് ഇപ്പോള്‍ എവിടെയുണ്ട്?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ